ഇംഫാൽ: മണിപ്പുരിലെ ദേശീയപാതകളിൽ നാലുമാസമായി തുടരുകയായിരുന്ന സാന്പത്തിക ഉപരോധം യുണൈറ്റഡ് നാഗ കൗൺസിൽ പിൻവലിച്ചു.
നാഗ ഗോത്രവിഭാഗങ്ങളുടെ പരമോന്നത സംഘടനയായ യുഎൻസി ഉപരോധം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗോഹട്ടിയിൽ യുഎൻസി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
മേയ് മാസത്തിൽ കാങ്പോക്പി ജില്ലയിലെ ലീലോൺ് വൈഫെയ് ഗ്രാമത്തിൽനിന്ന് നാഗവിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് സാന്പത്തിക ഉപരോധം ആരംഭിച്ചത്.
ഇംഫാലിനെ ഡിമാപ്പൂറുമായി ബന്ധിപ്പിക്കുന്ന ദേശീയപാതകൾ കേന്ദ്രീകരിച്ചായിരുന്നു യുഎൻസി സമരം. മാസങ്ങളോളം നീണ്ട ഉപരോധം കാരണം മണിപ്പുരിലേക്ക് അവശ്യസാധന ങ്ങളുടെ വരവു പൂർണമായി തടസപ്പെടുകയും വിപണയിൽ വിലകുത്തനെ വർധിക്കുകയും ചെയ്തിരുന്നു.
രണ്ടുപേർ വെടിയേറ്റു മരിച്ചു
ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ രണ്ടു നാഗ യുവാക്കൾ അക്രമികളുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേർക്കു പരിക്കേറ്റു.
നാഗ ഭൂരിപക്ഷ ജില്ലയായ സേനാപതിക്കു സമീപം കാലിൻഗഞ്ച് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ റോക്കി മാവോ, കുമാർ പൗമൈ എന്നിവരാണു മരിച്ചത്.
സാന്പത്തിക ഉപരോധം പിൻവലിക്കാൻ നാഗ കൗൺസിൽ തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.